26 C
Trivandrum
Monday, October 2, 2023

വാടക വീട്ടില്‍ ഹൈടെക് കഞ്ചാവ് കൃഷി,ഇടുക്കിക്കാരനുള്‍പ്പെടെ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ പിടിയില്‍

Must read

ശിവമോഗ: താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.രണ്ട് കേസുകളിലായി അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) കേരളത്തിലെ ഇടുക്കി സ്വദേശി വിനോദ് കുമാര്‍ (27), തമിഴ്‌നാട് ധര്‍മപുരി സ്വദേശി പാണ്ടിദൊറൈ (27) എന്നിവരാണ് കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയതിന് പിടിയിലായത്. നഗരത്തിലെ സുബ്ബയ്യ മെഡിക്കല്‍ കോളേജിന് സമീപമുള്ള ശിവഗംഗ ലേഔട്ടിലെ വാടക വീട്ടിലാണ് ഇവര്‍ കഞ്ചാവ് കൃഷി ചെയ്തത്.

വെള്ളിയാഴ്ച പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 227 ഗ്രാം ഉണങ്ങിയ കഞ്ചാവ്, 1.5 കിലോ ഫ്രഷ് കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്തുകള്‍, ആറ് ടേബിള്‍ ഫാനുകള്‍, രണ്ട് സ്റ്റെബിലൈസറുകള്‍, മൂന്ന് എല്‍ഇഡി ലൈറ്റുകള്‍, ഹുക്ക പൈപ്പുകള്‍, പാത്രങ്ങള്‍, 19,000 രൂപ എന്നിവയും പിടിച്ചെടുത്തു. മറ്റൊരു കേസില്‍ മെഡ‍ിക്കല്‍ വിദ്യാര്‍ഥികളായ അബ്ദുള്‍ ഖയ്യൂം (25), അര്‍പിത (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ നഗരത്തിലെ ഹാലെ ഗുരുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 466 ഗ്രാം കഞ്ചാവും മറ്റ് നിരോധിത വസ്തുക്കളും ഇവരില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. നാട്ടുകാര്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.ഹൈടെക് രീതിയിലായിരുന്നു വിദ്യാര്‍ഥികളുടെ കഞ്ചാവ് കൃഷിയെന്ന് ശിവമോഗ പൊലീസ് പറഞ്ഞു. പ്രതികളായ വിഗിനരാജ് , വിനോദ് കുമാര്‍, പാണ്ടിദൊറൈ എന്നിവര്‍ കഞ്ചാവ് ഇൻഡോര്‍ കൃഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പഠിച്ചു. വീട്ടിനുള്ളിലെ കൃഷിക്ക് ആവശ്യമായ ടെന്റ്, ഫാനുകള്‍, എല്‍ഇഡി ലൈറ്റുകള്‍, വിത്തുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് വാങ്ങിയത്.

കഴിഞ്ഞ മൂന്നര മാസമായി ഇവര്‍ കഞ്ചാവ് കൃഷി ചെയ്യുകയും ഉണങ്ങിയ കഞ്ചാവ് ചെറിയ പൊതികളിലാക്കി നാട്ടിലും പുറത്തും വില്‍ക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞു. ആദ്യമായാണ് വീട്ടില്‍ കഞ്ചാവ് അത്യാധുനികമായി കൃഷി ചെയ്യുന്നത് കാണുന്നതെന്നും വാടകക്ക് താമസിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമായി കണ്ടാല്‍ പൊലീസിനെ അറിയിക്കാൻ ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എൻഡിപിഎസ് ആക്‌ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ ശിവമോഗ റൂറല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article