മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്‌ഇബി.വയനാട് കല്‍പ്പറ്റയിലെ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ആണ് കെഎസ്‌ഇബി ഊരിയത്. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയിരുന്നു. ബില്ലടയ്ക്കാൻ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു.
കഴിഞ്ഞയാഴ്ച വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്‌ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.കെഎസ്‌ഇബി ലൈൻ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നല്‍കിയിരുന്നു. അമ്ബലവയല്‍ ഇലക്‌ട്രിക്കല്‍ സെക്ഷൻ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. കെഎല്‍ 18 ക്യു 2693 നമ്ബര്‍ ജീപ്പിനാണ് എഐ ക്യാമറയുടെ ഷോക്ക് വന്നത്. ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എംവിഡിയുടെ കത്ത് വന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്‌ഇബിക്കും വലിയ ഷോക്കായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസൂരി പകരം വീട്ടിയത്.
വയനാട്ടിലെ എഐ ക്യാമറ കണ്ട്രോള്‍ ഓഫീസിന്‍റെ ഫ്യൂസൂരി കെഎസ്‌ഇബി
