പുന്നപ്രയില്‍ റസിഡൻഷ്യല്‍ സ്കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ.അംബേദ്കര്‍ മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട 13 പേരെ ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ചോറും സാമ്ബാറുമായിരുന്നു കാന്റീനില്‍ ഉണ്ടായിരുന്നത്. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികള്‍ പരാതി പറയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കുട്ടികളില്‍ അസ്വസ്ഥത അനുഭവപ്പെട്ടത്.
ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഭക്ഷണത്തെ സംബന്ധിച്ച് കുട്ടികള്‍ കളക്ടറെ പരാതി ബോധിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.
ഭക്ഷ്യവിഷബാധ: ആലപ്പുഴയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 13 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
