ശ്രീരംഗംപട്ടണയ്ക്ക് സമീപം ഗണങ്കൂരില്‍ കൂടി ഇനി യാത്രക്കാര്‍ ടോള്‍ നല്‍കണം.നേരത്തെ ബിഡദിയിലെ കണിമെണികെയില്‍ മാത്രമായിരുന്നു യാത്രക്കാര്‍ ടോള്‍ നല്‍കേണ്ടിയിരുന്നത്. ടോള്‍ ഒരിടത്ത് കൂടി നിലവില്‍ വരുന്നതോടെ ഇപ്പോള്‍ നല്‍കുന്നതിന്റെ ഇരട്ടിയിലധികം പണം യാത്രക്കാരുടെ കീശയില്‍ നിന്ന് ചോരും.ബിഡദിയില്‍ നല്‍കേണ്ട ടോള്‍ നിരക്ക് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ പാത അതോറിറ്റി 23 ശതമാനയായി വര്‍ധിപ്പിച്ചിരുന്നു. അതിനെതിരെ പാതയില്‍ സമരം നടന്നുവരവെയാണ് രണ്ടാമത്തെ ടോള്‍ ബൂത്ത് തുറക്കുന്നതും പിരിവ് തുടങ്ങുന്നതും. കാര്‍ ,ജീപ്പ് , വാൻ തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് ബിഡദിയില്‍ 165 രൂപയും ശ്രീരംഗപട്ടണയില്‍ 155 രൂപയും നല്‍കണം. ഈ വക വാഹനങ്ങളില്‍ വരുന്ന യാത്രക്കാരില്‍ നിന്ന് ആകെ 320 രൂപയാണ് ഒരു തവണ ഈടാക്കുക. മിനി ബസുകള്‍ ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവ 505 രൂപ നല്‍കണം. ശ്രീരംഗപട്ടണയില്‍ 235 രൂപയും ബിഡദിയില്‍ 270 രൂപയും ചേര്‍ത്തുള്ള കണക്കാണിത്. മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ ടോളിനായി ആയിരം രൂപയുടെ അടുത്ത് മാറ്റിവെച്ചെ പറ്റൂ എന്നതാണ് അവസ്ഥ.
രണ്ടു ആക്സില്‍ ഉളള വാഹനങ്ങള്‍ 1,090 രൂപയും മൂന്നു ആക്‌സിലുള്ളവ 1,190 രൂപയും നാല് മുതല്‍ ആറ് ആക്‌സിലുള്ളവ 1,710 രൂപയും ഒറ്റ യാത്രയ്ക്ക് ടോള്‍ നല്‍കണം. മടക്കയാത്ര ഉണ്ടെങ്കില്‍ ടോള്‍ നിരക്ക് യഥാക്രമം 1640 , 1785 , 2570 എന്നിങ്ങനെ ആകും.അതിവേഗ പാതകൊണ്ട് ഏറ്റവും ഗുണം വടക്കൻ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്. കേരളത്തിനും കര്‍ണാടകയ്ക്കും ഇടയില്‍ ഒരു വ്യവസായി ഇടനാഴി ആയി പാത വര്‍ത്തിക്കുകയാണ്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള യാത്രാ സമയം 90 മിനിറ്റായി കുറയ്ക്കുന്നു എന്നതാണ് അതിവേഗ പാതയുടെ മേന്മ. എന്നാല്‍ പാത ഗതാഗതത്തിന് തുറന്നു കൊടുത്തത് മുതല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് താങ്ങാനാവാത്ത ടോള്‍ നിരക്കാണ്. ടോളിന്റെ പേരില്‍ നിരവധി തവണ അതിവേഗപാതയില്‍ യാത്രക്കാരും ജീവനക്കാരും ഏറ്റുമുട്ടിയിട്ടുണ്ട്.
ബഗളൂരു – മൈസൂരു അതിവേഗ പാതയില്‍ പുതിയൊരു ടോള്‍ പ്ലാസ കൂടി ഇന്ന് തുറക്കുകയാണ്
