മഹാരാഷ്ട്രയില്‍ മണ്‍സൂണ്‍ രാഷ്ട്രീയ നാടകം ആവര്‍ത്തിച്ചിരിക്കുന്നു. പോയ വര്‍ഷ കാലത്ത് അത് ശിവസേനയിലായിരുന്നെങ്കില്‍ ഇത്തവണ എന്‍ സി പിയിലാണെന്ന വ്യത്യാസമേ ഉള്ളൂ.രണ്ടിടത്തും പ്രായോജകര്‍ ബി ജെ പിയാണ്. മഹാരാഷ്ട്രയില്‍ മാത്രമല്ല 2014 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ രാഷ്ട്രീയ കുതിര കച്ചവടങ്ങളുടെയൊക്കെ പ്രായോജകര്‍ ബി ജെ പി തന്നെയാണ്. സംസ്ഥാനങ്ങളില്‍ ബി ജെ പി കാണുന്ന ജനാധിപത്യം ഒരുതരം ഓന്ത് രാഷ്ട്രീയമാണ്. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് കൊടിനിറ വൈവിധ്യങ്ങളിലേക്ക് കാവിപ്പതാകയെ പരകായപ്രവേശം നടത്തിക്കുന്ന തികച്ചും ജനാധിപത്യ വിരുദ്ധമായ രാഷ്ട്രീയമാണ് ബി ജെ പിയുടേത്. സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം ജനാധിപത്യ ഭരണ സംവിധാനത്തെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ നിദര്‍ശനം കൂടിയാണ് അവസാനിക്കാത്ത ഈ കൂറുമാറ്റങ്ങള്‍. പക്ഷേ കൂറുമാറ്റം മഹാരാഷ്ട്രയിലെ എന്‍ സി പിയിലെത്തുമ്ബോള്‍ ചിത്രം പഴയ പടിയല്ല എന്ന കാര്യം കാണാതിരിക്കാനാകില്ല. ശിവസേനയെ പിളര്‍ത്തി ബി ജെ പിക്കൊപ്പം പോയ ഷിന്‍ഡെ സേനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കഴിഞ്ഞ മെയ് 11ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി ഇവ്വിഷയികമായ ഭരണഘടനാ നിലയെന്തെന്ന് വെളിപ്പെടുത്തുന്നതാണ്.