വാഷിംഗ്ടണ്‍ ഡിസി: യുഎസിന്‍റെ അവസാനത്തെ രാസായുധശേഖരവും നശിപ്പിച്ചതായി വൈറ്റ് ഹൗസ്. പ്രസിഡന്‍റ് ജോ ബൈഡൻ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.കിഴക്കൻ കെന്‍റക്കിയിലെ സൈനികകേന്ദ്രത്തില്‍ യുഎസിന്‍റെ അവസാനത്തെ രാസായുധ ശേഖരം നശിപ്പിച്ചെന്നാണു പ്രഖ്യാപനം. മൊത്തം 30,000 ടണ്ണിലധികം രാസായുധശേഖരമാണു നശിപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് ആയുധങ്ങള്‍ നിര്‍വീര്യമാക്കിയത്.
മുപ്പതു വര്‍ഷത്തിലേറെയായി, രാസായുധങ്ങള്‍ നശിപ്പിക്കാൻ യുഎസ് പരിശ്രമിച്ചു. ഇപ്പോള്‍ ആ ശേഖരത്തിലെ അവസാന യുദ്ധോപകരണങ്ങള്‍ രാജ്യം സുരക്ഷിതമായി നശിപ്പിച്ചതായി പ്രഖ്യാപിക്കുന്നതില്‍ താൻ അഭിമാനിക്കുന്നുവെന്നും പ്രസ്താവനയില്‍ ബൈഡൻ പറഞ്ഞു.
1997ല്‍ പ്രാബല്യത്തില്‍ വന്നതും 193 രാജ്യങ്ങള്‍ ചേര്‍ന്നതുമായ അന്താരാഷ്‌ട്ര രാസായുധ കണ്‍വൻഷന്‍റെ കീഴില്‍ ശേഷിക്കുന്ന രാസായുധങ്ങള്‍ ഇല്ലാതാക്കാൻ സെപ്റ്റംബര്‍ 30 വരെ കാലാവധി നല്‍കിയിരുന്നു. ഇതാണ് യുഎസ് പ്രാവര്‍ത്തികമാക്കിയത്.
ഒന്നാം ലോകമഹായുദ്ധത്തിലാണ് രാസായുധങ്ങള്‍ ആദ്യമായി ഉപയോഗിച്ചത്. രാസായുധാക്രമണത്തില്‍ 100,000 പേരെ കൊന്നതായാണു കണക്കാക്കപ്പെടുന്നത്.
യുഎസിന്‍റെ അവസാന രാസായുധ ശേഖരവും നശിപ്പിച്ചു: ബൈഡന്‍
