സംസ്ഥാനത്ത് പനി ബാധിതരില്‍ പുതിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍. സാധാരണയായുളള ലക്ഷണങ്ങള്‍ക്ക് പുറമേ, ഇത്തവണ പനി ബാധിതരില്‍ ശരീരം ചുവന്ന് പൊങ്ങുന്നത് ഉള്‍പ്പെടെയുള്ളയുളള ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പ്രത്യേക പഠനം നടത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായാണ് പനി ബാധിതരില്‍ ഇത്തരം ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പനിയോടൊപ്പം മറ്റ് അലര്‍ജി ലക്ഷണങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം, പനി ഭേദമായവര്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പനിയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നത് നേരിയ തോതില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേരാണ് ഇത്തരത്തില്‍ വീണ്ടും പനിക്ക് ചികിത്സ തേടി എത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 13,000 -ലധികം പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. ഇതില്‍ രോഗബാധിതര്‍ കൂടുതലും മലപ്പുറം ജില്ലയിലാണ്.
സാധാരണയുള്ള പനിക്ക് പുറമേ, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 തുടങ്ങിയവയും അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. നിലവില്‍, പനിവ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ മേഖലകള്‍ ഹോട്ട്സ്പോട്ടുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
പനി ബാധിതരില്‍ പ്രകടമാകുന്നത് പുതിയ ലക്ഷണങ്ങള്‍
