26 C
Trivandrum
Tuesday, October 3, 2023

എട്ടാം ക്ലാസ് മുതല്‍ ജോലിക്ക് പോയി പഠിച്ചു, മൂന്ന് ശത്രുക്കള്‍ എന്നെ ഐഎഎസുകാരനാക്കി’; ജീവിതം പറഞ്ഞ് കലക്ടര്‍ മാമന്‍

Must read

താൻ എങ്ങനെ കലക്ടറായി എന്ന് വിശദീകരിച്ച്‌ തൃശൂര്‍ കലക്ടര്‍ കൃഷ്ണ തേജ. ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചത്.പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ ഗ്രാമമാണ് തന്റെ സ്വദേശമെന്നും ഏഴാം ക്ലാസ് വരെ ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു.

ക്ലാസില്‍ 25 കുട്ടികളെയെടുത്താല്‍ 24മാനോ 25ാമനോ മാത്രമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കുടുംബത്തിന് സാമ്ബത്തിക പ്രശ്നമുണ്ടായി. ഈ സമയം പഠനം അവസാനിപ്പിച്ച്‌ ഏതെങ്കിലും കടയില്‍ ജോലിക്ക് പോകാൻ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഈ സമയമാണ് അയല്‍വാസി സഹായം വാഗ്ദാനം ചെയ്തത്. എന്നാല്‍ സൗജന്യം വാങ്ങാൻ അമ്മ മടിച്ചു. അങ്ങനെ അയാളുടെ മരുന്ന് കടയില്‍ സ്കൂള്‍ കഴിഞ്ഞ് ജോലിക്ക് പോയിതുടങ്ങി. അവിടെ നിന്നാണ് വിദ്യാഭ്യാസത്തിന്റെ വില മനസ്സിലായത്. അങ്ങനെയാണ് നന്നായി പഠിക്കണമെന്ന് തീരുമാനിച്ചത്. അങ്ങനെ 10ാം ക്ലാസും പ്ലസ് ടുവും എൻജിനീയറിങ്ങും ടോപ്പറായി വിജയിച്ചു.എൻജിനീയറങ്ങില്‍ ടോപ്പറായതിന് ശേഷം മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ ലക്ഷക്കണക്കിന് ശമ്ബളത്തില്‍ നല്ലൊരു ജോലി ദില്ലിയില്‍ കിട്ടി. ദില്ലയില്‍ താമസിക്കുമ്ബോഴാണ് ദൈവം എനിക്കൊരു റൂമിേറ്റിനെ നല്‍കിയത്. അദ്ദേഹം തനിക്ക് ഐഎഎസ് ആകാൻ താല്‍പര്യമുണ്ടെന്ന് പറ‍ഞ്ഞു. എന്താണ് ഐഎഎസ് എന്ന് ചോദിച്ചപ്പോള്‍ ഐഎഎസ് പാസായാല്‍ ജില്ലാ കലക്ടറാകാമെന്ന് പറഞ്ഞു. എന്താണ് ജില്ലാ കലക്ടര്‍ എന്ന് ഞാൻ ചോദിച്ചു, തികച്ചും ഗ്രാമീണനായ താൻ അതുവരെ കേട്ടതില്‍ വെച്ചേറ്റവും വലിയ ഉദ്യോഗസ്ഥൻ തഹസില്‍ദാറായിരുന്നു. ഏതെങ്കിലും കാരണത്തില്‍ തഹസില്‍ദാര്‍ എന്റെ ഗ്രാമത്തില്‍ വന്നാല്‍ ഒരാഴ്ച മുന്നേ ഗ്രാമത്തിലെ റോഡും ഓടയുമെല്ലാം വൃത്തിയാകും. തെരുവ് വിളക്കുകളെല്ലാം കത്തും. ഈ തഹസില്‍ദാറുമാരുടെയെല്ലാം തലവൻ കലക്ടറാണെന്നും കലക്ടറായാല്‍ നാടിന് ഗുണമുള്ള പലതും ചെയ്യാനാകുമെന്നും റൂം മേറ്റാണ് ആദ്യമായി പറഞ്ഞുതന്നത്.

അദ്ദേഹമാണ് നിര്‍ബന്ധപൂര്‍വം തന്നെ ഐഎഎസ് പരിശീലനത്തിന് കൊണ്ടുപോകുന്നത്. എല്ലാ ദിവസവും കോച്ചിങ്ങിന് പോകും. പതിയെ പതിയെ എനിക്ക് മനസ്സിലായി ഐഎഎസ് ജോലിയല്ല, സേവനമാണെന്ന്. ഐഎഎസ് കിട്ടിയാല്‍ 35 വര്‍ഷത്തോളം പൊതുജനത്തെ സേവിക്കാമെന്നും മനസ്സിലായി. അങ്ങനെയാണ് ഗൗരവത്തോടെ പരിശീലനത്തിന് പോയിതുടങ്ങിയത്. ഒന്നാം തവണ പരീക്ഷ എഴുതി തോറ്റു. ജോലിയോടൊപ്പം പഠിച്ചതിനാലാണ് തോറ്റതെന്ന് കരുതി ജോലി രാജിവെച്ച്‌ പഠിച്ച്‌ രണ്ടാം തവണയും പരീക്ഷയെഴുതി തോറ്റു. 10, പ്ലസ് ടു, എൻജിനീയറിങ് ടോപ്പറായ താനെങ്ങനെ തോല്‍ക്കുന്നുവെന്ന് മനസ്സിലായില്ല. നിര്‍ഭാഗ്യമാണെന്ന് കരുതി. മൂന്നാം തവണ മുഴുവൻ സമയവും പഠിച്ചിട്ടും തോറ്റു. മൂന്ന് വലിയ ജയത്തിന് ശേഷം മൂന്ന് തവണ തോറ്റുവെന്നത് സ്വയം ചോദിച്ചു. അതോടെ ആത്മവിശ്വാസം പോയി, ഏകദേശം ഒരുമാസം എന്തുകൊണ്ട് തോറ്റ് എന്ന് സ്വയം അന്വേഷിച്ചു. പിന്നീട് സുഹൃത്തുക്കളോടന്വേഷിച്ചു എന്തുകൊണ്ട് തോറ്റുവെന്ന്. അവര്‍ക്കും മനസ്സിലായില്ല. തുടര്‍ന്ന് ഐഎഎസ് പാസാകില്ലെന്ന് തീരുമാനിച്ച്‌ ഐടി ജോലിക്ക് അപേക്ഷിച്ചു. ഐടി ജോലി പെട്ടെന്ന് കിട്ടി. ഐടി ജോലി കിട്ടിയത് എല്ലാവരോടും പറഞ്ഞു. ഈ വിവരം എന്റെ ശത്രുക്കളും അറിഞ്ഞു.

എന്റെ ശത്രുക്കളായ മൂന്ന് പേരും എന്നെ കാണാൻ വന്നു. അവരെ മൂന്ന് പേരെയും ക്ഷണിച്ച്‌ അകത്തിരുത്തി. മൂവരും എന്നോട് പറഞ്ഞു നിങ്ങള്‍ക്ക് നല്ല ഐടി ജോലിയാണെന്നും ഐഎഎസ് ശരിയാകില്ലെന്നും പറഞ്ഞു. തനിക്ക് ഐടി ജോലിയാണ് നല്ലതെന്ന് അവരോട് പറയുകയും എന്തുകൊണ്ടാണ് തനിക്ക് ഐഎഎസ് കിട്ടാതത്തതെന്ന് അവരോട് ചോദിച്ചു.

ആദ്യത്തെ ശത്രു എന്നോട് പറഞ്ഞു, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 2000 മാര്‍ക്ക് എഴുത്തു പരീക്ഷയാണല്ലോ പക്ഷേ നിങ്ങളുടെ കൈയക്ഷരം വളരെ മോശമാണ്. സത്യം പറഞ്ഞാല്‍ ആ സമയം എന്റെ കൈയക്ഷരം ശരിക്കും മോശമായിരുന്നു. പക്ഷേ കൈയക്ഷരത്തിന്റെ കാര്യത്തില്‍ മോശം മാര്‍ക്ക് കിട്ടുമെന്ന് കരുതിയില്ല. രണ്ടാമത്തെ ശത്രു എന്നോട് പറ‍ഞ്ഞു, നിങ്ങള്‍ ഉത്തരങ്ങള്‍ പോയിന്റിട്ടാണ് എഴുതുന്നത്. പക്ഷേ ഉത്തരങ്ങള്‍ നല്ല ഒഴുക്കോടെ മനോഹരമായ ഭാഷയില്‍ കഥ പറയും പോലെ എഴുതിയാല്‍ മാര്‍ക്ക് കിട്ടുമെന്ന്. അദ്ദേഹം പറ‍ഞ്ഞത് നൂറ് ശതമാനം ശരിയായിരുന്നു. കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥിയായ തനിക്ക് ആര്‍ട്സ് വിദ്യാര്‍ഥികളെപ്പോലെ ഉത്തരങ്ങള്‍ കഥപോലെ എഴുതാനറിയില്ലായിരുന്നു. അതിന്റെ പേരിലും മാര്‍ക്ക് കുറയുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. മൂന്നാം ശത്രു എന്നോട് പറഞ്ഞു, നിങ്ങള്‍ വളരെ കാര്യങ്ങള്‍ ചുരുക്കി സംസാരിക്കുന്നയാളാണ്. അഭിമുഖത്തില്‍ വളരെ ഒഴുക്കോടെ കണ്‍വിൻസിങ്ങായി സംസാരിക്കണമെന്ന്. അങ്ങനെ സംസാരിച്ചാല്‍ നിങ്ങള്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് കിട്ടുമെന്ന്. ഇതും പറഞ്ഞ് മൂവരും തിരിച്ചു പോയി. അതോടെ എനിക്കൊരു കാര്യം മനസ്സിലായി. നമ്മുടെ പോസിറ്റിവ് അന്വേഷിക്കേണ്ടത് സുഹൃത്തുക്കളോടും നെഗറ്റീവ് അന്വേഷിക്കേണ്ടത് ശത്രുക്കളോടുമാണ്. കാരണം ശത്രുക്കള്‍ നമ്മളേക്കാള്‍ നമ്മുടെ നെഗറ്റീവുകള്‍ കണ്ടെത്തും. നമ്മുടെ നെഗറ്റീവ് നമ്മളേക്കാള്‍ കൂടുതല്‍ ശത്രുക്കള്‍ക്കറിയാം.

പ്രശ്നങ്ങള്‍ മനസ്സിലായതോടെ ഐടി ജോലി ഉപേക്ഷിച്ച്‌ ഒരു വര്‍ഷം കൂടെ ഐഎഎസിന് ശ്രമിക്കാമെന്ന് തീരുമാനിച്ചു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു. 10 മിനിറ്റിനുള്ളില്‍ അമ്മ വിളിച്ചു ചെയ്യുന്നത് വിഡ്ഢിത്തമാണെന്നും മൂന്ന് വര്‍ഷം ഐഎഎസിന്റെ പേരില്‍ സമയം കളഞ്ഞെന്നും പറഞ്ഞു. ചേച്ചിക്ക് വിളിച്ചു. ചേച്ചിയോട് വിളിച്ച്‌ ഒരു വര്‍ഷം കൂടി എനിക്ക് തരണമെന്ന് പറഞ്ഞു. ചേച്ചിയാണ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി അനുവാദം വാങ്ങിത്തന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് കാരണങ്ങളെ അതിജീവിക്കണം. അങ്ങനെ ഒരു ദിവസം യാത്ര ചെയ്യുമ്ബോള്‍ ഇവിടെ ഹാൻഡ് റൈറ്റിങ് പഠിപ്പിക്കുമെന്ന ബോര്‍ഡ് കണ്ടു. അവിടെയിറങ്ങി. ടീച്ചറെ കണ്ടു. എന്റെ കുട്ടിയുടെ കാര്യമാണെന്നാണ് ടീച്ചര്‍ ആദ്യം കരുതിയത്. തനിക്ക് തന്നെയാണ് ഹാൻഡ് റൈറ്റിങ് പഠിക്കേണ്ടതെന്ന് പറ‍ഞ്ഞപ്പോള്‍ സമ്മതിച്ചു. ടീച്ചര്‍ എന്നെ ഹാൻഡ് റൈറ്റിങ് പഠിച്ചു. ദിവസേന ഒന്നരമുതല്‍ രണ്ട് മണിക്കൂര്‍ വരെ ഒരു വര്‍ഷം പഠിച്ചു. ഇന്നും ഞാനെന്തെങ്കിലും എഴുതുമ്ബോള്‍ എന്റെ ജീവനക്കാരെന്നോട് ചോദിക്കും ഇത് പ്രിന്റൗട്ട് ആണോ ഹാൻഡ് റൈറ്റിങ്ങാണോ എന്ന്. അത്ര നന്നായിട്ടാണ് കൈയക്ഷരത്തില്‍ മാറ്റം വരുത്തിയത്.

രണ്ടാമത്തെ പ്രശ്നം പരിഹരിക്കാൻ നേരത്തെ ഐഎഎസ് കിട്ടിയ പാലലത എന്ന മാഡത്തിനരികെ പോയി ആവശ്യം പറഞ്ഞു. അടുത്ത ദിവസം വരാനാണ് പറഞ്ഞത്. അടുത്ത ദിവസം ചെന്നപ്പോള്‍ പിറ്റേദിവസം ചെല്ലാൻ പറഞ്ഞു. ഞാൻ പറഞ്ഞ സമയക്ക് കൃത്യമായി പോകും. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഞാൻ ഗൗരവത്തോടെയാണ് പരീക്ഷയെ സമീപിക്കുന്നതെന്ന് ബോധ്യപ്പെട്ടു. അവര്‍ ദിവസവും എനിക്ക് പരീക്ഷ തന്നു. 365 ദിവസവും പരീക്ഷയിടുമെന്നും ഏതെങ്കിലും ഒരു ദിവസം മുടങ്ങിയാല്‍ അത് അവസാന പരീക്ഷയായിരിക്കുമെന്നും മാഡം പറ‍ഞ്ഞു. പുലര്‍ച്ചെ നാല് മുതല്‍ ഏഴ് വരെയായിരുന്നു പരീക്ഷ. എല്ലാ പരീക്ഷയും എഴുതി. അതിന് ശേഷമാണ് ഒരുത്തരം എങ്ങനെ മനോഹരമാ‌യി എഴുതണമെന്ന് പഠിച്ചു. മൂന്നാമത്തെ പ്രസ്നം പരിഹരിക്കാൻ ഞാൻ ഐഎഎസ് പഠിപ്പിക്കുന്ന അധ്യാപകനായി. അപ്പോഴാണ് എതിരെ നില്‍ക്കുന്ന ഒരാളെ ഇംപ്രസ് ചെയ്യിക്കുന്ന രീതിയില്‍ എങ്ങനെ സംസാരിക്കണമെന്ന് പഠിച്ചത്.

അങ്ങനെ നാലാം തവണ പരീക്ഷയെത്തി. പ്രിലിമും മെയിനും അഭിമുഖവും വിജയിച്ചു. ആള്‍ ഇന്ത്യാ തലത്തില്‍ 66ാം റാങ്കും കിട്ടി. ഇന്ന് എല്ലാവരുമെന്ന ജില്ലാ കലക്ടര്‍ എന്ന് വിളിക്കുന്നു. ഒന്നാം തവണ വിജയിച്ച കലക്ടര്‍, രണ്ടാം തവണ വിജയിച്ച കലക്ടര്‍ എന്നല്ല ആരുമെന്നെ വിളിക്കുന്നത്. അതിനര്‍ഥം എത്ര തവണ പരാജയപ്പെട്ടു എന്നല്ല, നമ്മുടെ ജീവിത ലക്ഷ്യം നേടി‌യോ എന്നതാണ്. എനിക്ക് മനസ്സിലായ രണ്ട് സത്യങ്ങള്‍ ജീവിതത്തില്‍ തോല്‍വി വരും. തോല്‍വികള്‍ക്ക് വലിയ കാരണമെന്ന് നമ്മള്‍ കരുതും. എന്നാല്‍ ചെറിയ തെറ്റുകളായിരിക്കും തോല്‍വിക്ക് കാരണം. അത് കണ്ടെത്തിയാല്‍ വലിയ വിജയമായിരിക്കും നമ്മളെ കാത്തിരിക്കുക.- വലിയ കരഘോഷത്തോടെയാണ് കലക്ടറുടെ വാക്കുകളെ വേദി വരവേറ്റത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article