ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് ആളുകളുടെ ഒഴുക്ക് തുടരുന്നു.കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഭൗതികശരീരം പുതുപ്പള്ളി ഹൗസില്‍ എത്തിച്ചത്. ഇന്നു രാവിലെ ഏഴിന് പുതുപ്പള്ളിയിലേക്ക് കൊണ്ടു പോകും.
ഇന്ന് കോട്ടയത്തെ പൊതുദര്‍ശനത്തിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്കു 2.30ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍. ഇന്നലെ പുലര്‍ച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ബംഗളൂരുവിലും തുടര്‍ന്ന് തിരുവനന്തപുരത്തും ആദരാഞ്ജലിയര്‍പ്പിക്കാൻ തടിച്ചുകൂടിയത് പതിനായിരങ്ങളാണ്.
കര്‍ണാടകത്തിലെ മുൻ മന്ത്രി ടി. ജോണിന്‍റെ വസതിയില്‍ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ഇന്നലെ രാവിലെ പൊതുദര്‍ശനത്തിനു വച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ, കര്‍ണാടക മുഖ‍്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കള്‍ ഇവിടെയെത്തി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ജനനായകനു യാത്രാമൊഴി; കോട്ടയത്തേക്കുള്ള വിലാപയാത്ര രാവിലെ
