ബെംഗളുരുവില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ ചേതനയറ്റ ശരീരം തലസ്ഥാനത്തെത്തിച്ചത് അറിഞ്ഞതോടെ പുതുപ്പള്ളി ഹൗസിലേക്കുള്ള ജനപ്രവാഹവും വര്‍ധിക്കുകയാണ്. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിൻ്റെ യാത്രയും ജനസാഗരത്തില്‍ മുങ്ങിയാണ്. വഴി നീളെ സ്നേഹവും കണ്ണീരുമായാണ് തലസ്ഥാന ജനത പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്.നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുന്നത്. ഇവിടുത്തെ പ്രാര്‍ത്ഥനയ്ക്കും പൊതു ദര്‍ശനത്തിനും ശേഷം ഉമ്മൻചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതു ദര്‍ശനത്തിനായി എത്തിക്കും. ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകും. രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം മാറ്റും. തുടര്‍ന്ന് നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും.
നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. രാത്രിയില്‍ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്കരിക്കുക. കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവായിരുന്ന ഉമ്മൻചാണ്ടി ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിലാണ് അന്ത്യശ്വാസം വലിച്ചത്. അര്‍ബുദ രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25 ന് ആയിരുന്നു മരണം. 79 വയസായിരുന്നു.
ജനപ്രവാഹം… വഴിനീളെ സ്നേഹവും കണ്ണീരുമായി തലസ്ഥാന ജനത; ഉമ്മന്‍ചാണ്ടിയെ ഒരുനോക്കുകാണാന്‍, പുതുപ്പള്ളി ഹൗസിലേക്ക്
