ഇസ്‍ലാമാബാദ്: 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെ പാകിസ്താൻ 77.5 ബില്യൺ ഡോളർ വിദേശ കടം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്താൻ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പ്രമുഖ യു.എസ് സാമ്പത്തിക വിദഗ്ധൻ മുന്നറിയിപ്പ് നൽകി.
കുതിച്ചുയരുന്ന പണപ്പെരുപ്പം, രാഷ്ട്രീയ സംഘർഷങ്ങൾ, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയ്ക്കിടയിൽ വൻതോതിലുള്ള വിദേശ കടബാധ്യതകൾ പാകിസ്താൻ കാരണം വലിയ അപകടത്തിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് (യു.എസ്.ഐ.പി) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തിൽ മുന്നറിയിപ്പ് നൽകി. ജിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനിൽ വിദേശ കടം പെരുകുകയും പ്രാദേശിക കറൻസി ദുർബലമാവുകയും ചെയ്തു. അതോടൊപ്പം വിദേശനാണ്യ ശേഖരവും താഴേക്കു പോയി.
2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെ വിദേശ കടയിനത്തിൽ പാകിസ്താൻ തിരിച്ചടക്കേണ്ട് 77.5 ബില്യൺ ഡോളറാണ്. റിപ്പോർട്ട് അനുസരിച്ച്, ജൂണിൽ ഗണ്യമായ തിരിച്ചടവ് നൽകേണ്ടിവരും. അതേസമയം ഈ ബാധ്യതകൾ നിറവേറ്റാൻ കഴിഞ്ഞാലും അടുത്ത സാമ്പത്തിക വർഷം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.