27 C
Trivandrum
Friday, June 9, 2023

മൊബൈൽ ടവർ നിർമാണം തടയാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്കാവില്ല

Must read

തൃശൂർ: മൊബൈൽ ടവറുകൾ ഉൾപ്പെടെ സർക്കാറിതര വാർത്തവിനിമയ ടവറുകൾക്ക് അനുമതിപത്രം (പെർമിറ്റ്) നൽകാനുള്ള തദ്ദേശ വകുപ്പിന്റെ അധികാരം ഇല്ലാതായി. 2023ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമാണ ഭേദഗതി ചട്ടം ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വന്നതോടെയാണ് തദ്ദേശ സെക്രട്ടറിയിൽനിന്ന് അനുമതി അധികാരം എടുത്തുകളഞ്ഞത്.

ഇനി ആവശ്യമായ രേഖകളും ഫീസും സഹിതം സെക്രട്ടറിയെ അറിയിച്ചാൽ (ഇന്റിമേഷൻ) മതിയെന്നാണ് ഭേദഗതി ചെയ്ത പുതിയ ചട്ടത്തിൽ പറയുന്നത്. പൊതുജനങ്ങളുടെ പരാതി പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങൾ മൊബൈൽ ടവറുകളുടെ അപേക്ഷകളിൽ അനുമതി റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്ന സന്ദർഭങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നിയമഭേദഗതി. തുടർഘട്ടങ്ങളിൽ ആവശ്യമായ രേഖകൾ പരിശോധിച്ച് സ്ഥിരീകരിക്കാനും ടവർ നിർമാണം പൂർത്തീകരിക്കുമ്പോൾ നിർമാണം ചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന് ഉറപ്പാക്കാൻ സെക്രട്ടറിക്ക് പരിശോധന നടത്താമെന്നുമാണ് വ്യവസ്ഥ.

ഇനി അപേക്ഷ നൽകി പിറ്റേന്ന് നിർമാണം തുടങ്ങാം. മുമ്പ് പെർമിറ്റ് നൽകി ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും സാധിച്ചില്ലെങ്കിൽ കാലപരിധി നീട്ടിക്കിട്ടാൻ പ്രത്യേക അപേക്ഷ വേണമെന്നുമായിരുന്നു വ്യവസ്ഥ. കൂടാതെ, പെർമിറ്റില്ലാത്ത നിർമിതികൾ ക്രമപ്പെടുത്താനും പിഴസംഖ്യ ഈടാക്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർക്ക് മൊബൈൽ ടവർ സേവനദാതാക്കളുമായി ‘ഹിയറിങ്’ നടത്താനും തീരുമാനമായില്ലെങ്കിൽ ജില്ലതല സാങ്കേതിക സമിതിക്ക് തീരുമാനമെടുക്കാൻ കൈമാറാനും അധികാരമുണ്ടായിരുന്നു. ഈ ജനകീയ ഇടപെടലാണ് പുതിയ ചട്ടത്തോടെ ഇല്ലാതായത്.

നിലവിൽ സർക്കാറിതര വാർത്തവിനിമയ സേവനദാതാക്കളിൽനിന്ന് ഈടാക്കിയിരുന്ന ഫീസ് ഘടനയിൽ മാറ്റം വരുത്തിയിട്ടില്ല. ടവറുകൾ-10,000 രൂപ, ഒറ്റത്തൂണുകളിലെ ഉപകരണങ്ങൾ (പോൾ) – 2500 രൂപ, അനുബന്ധ കെട്ടിട നിർമാണങ്ങൾക്ക് ചതുരശ്രമീറ്ററിന് 15 രൂപ എന്നിങ്ങനെ ഫീസ് നിരക്ക് തുടരും. സ്ഥലത്തിന്റെ അതിരിൽനിന്ന് 1.2 മീറ്റർ ഉള്ളിലേക്ക് മാറി വേണം ടവർ നിർമിക്കേണ്ടത്. നഗരാസൂത്രണ-വികസന പദ്ധതികൾക്ക് അനുസൃതമായി റോഡ് വീതി കൂട്ടാനാവശ്യമായ തുറസ്സായ സ്ഥലംകൂടി നൽകണം. വൈദ്യുതി ജനറേറ്റർ സ്ഥാപിക്കുന്നത് ശബ്ദം പുറത്തേക്ക് വരാത്ത കാബിനിൽ ആയിരിക്കണം. ടവറോ തൂണുകളോ അനുബന്ധ മുറികളോ ആ അതിരിന് ചേർത്തുനിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വശത്തെ േപ്ലാട്ട് ഉടമയുടെ സമ്മതം ലഭ്യമാക്കി അറിയിപ്പിനോടൊപ്പം (പെർമിറ്റ്) സമർപ്പിക്കണം. മിന്നൽ പ്രതിരോധം വേണം. ടവറിന്റെയും കെട്ടിടത്തിന്റെയും സുരക്ഷയും നാശനഷ്ടം ഉണ്ടാക്കിയാൽ ഉത്തരവാദിത്തവും ടെലികോം സേവന ദാതാവിനായിരിക്കുമെന്നും ചട്ടത്തിൽ പറയുന്നു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article