ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി സിലബസ് പരിഷ്‍കരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ സയൻസ് സിലബസിൽനിന്ന് ചാൾസ് ഡാർവിൻ സിദ്ധാന്തം ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. ശാസ്ത്രജ്ഞർ, വിദ്യാഭ്യാസപ്രവർത്തകർ, സയൻസ് അധ്യാപകർ, ശാസ്ത്രകുതുകികൾ തുടങ്ങിയവർ ഉൾപ്പെടുന്ന ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ബി.എസ്.എസിന്റെ നേതൃത്വത്തിൽ 1800പേർ സർക്കാറിന് തുറന്ന കത്തയക്കുകയും ചെയ്തു. എൻ.സി.ഇ.ആർ.ടിയുടെ 10, 9 ശാസ്ത്രപുസ്തകങ്ങളിൽ മതിയായ പ്രധാന്യത്തോടെ ഡാർവിന്റെ പരിണാമ സിദ്ധാന്തം ഉൾപ്പെടുത്തുന്നതും പഠിപ്പിക്കുന്നതും തുടരണമെന്നാണ് കത്തിലെ ആവശ്യം.
കോവിഡ് മഹാമാരിയുടെ സമയത്ത് സിലബസ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഡാർവിന്റെ സിദ്ധാന്തം ഉൾപ്പെടുന്ന ഭാഗം ഒഴിവാക്കിയിരുന്നു. പിന്നീട് സിലബസ് പരിഷ്‍കരണത്തിന്റെ ഭാഗമായി ഇവ പൂർണമായും നീക്കം ചെയ്യുകയാണെന്ന് എൻ.സി.ഇ.ആർ.ടി രേഖകളിൽ പറയുന്നതായി ബി.എസ്.എസ് പറയുന്നു.
ശാസ്ത്രത്തിലെ ഇത്തരം പ്രധാന കണ്ടെത്തലുകൾ ഒഴിവാക്കുന്നത് വിദ്യാർഥികളുടെ ചിന്താപ്രക്രിയയെ സാരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനും യുക്തിസഹമായ വീക്ഷണത്തിനും ഇവ നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തേ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രി സത്യപാൽ സിങ് രംഗത്തെത്തിയിരുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്കൂൾ, കോളജ് പാഠ്യപദ്ധതിയിൽനിന്ന് ഇത് മാറ്റണം. മനുഷ്യൻ എപ്പോഴും മനുഷ്യനായിരുന്നു. കുരങ്ങ് മനുഷ്യനായി മാറുന്നത് കണ്ടതായി നമ്മുടെ പൂർവികർ ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നും സത്യപാൽ സിങ് പറഞ്ഞിരുന്നു.
എൻ.സി.ഇ.ആർ.ടി സിലബസിൽ ഡാർവിൻ സിദ്ധാന്തമില്ല; പ്രതിഷേധ കത്തുമായി ശാസ്ത്രലോകം
