കാസർഗോഡ്: മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും. ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച കേസിൽ മുൻ ഡിവൈ.എസ്.പി.ക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തിരുന്നു. നടൻ കൂടിയായ വി.മധുസൂദനനെതിരേയാണ് കേസ്. ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനുമാണ് ഇദ്ദേഹം. കണ്ണൂർ വിജിലൻസിൽ നിന്നാണ് മധുസൂദനൻ വിരമിച്ചത്.
കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽവെച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൽബത്തിന്റെ ചിത്രീകരണത്തിനായി കാസർകോട് എത്തിയതാണ് യുവതി. ഒരു സംവിധായകൻ മുഖേനയാണ് യുവതി ആൽബത്തിൽ അഭിനയിക്കാൻ എത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലെെംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തുവെന്നാണ് വിവരങ്ങൾ.