വിന്റേജ് സാധനങ്ങളോട് നടൻ മോഹൻലാലിന്റെ പ്രിയം പേരുകേട്ടതാണ്. തന്റെ ആദ്യ കാറായിരുന്ന ഹിന്ദുസ്ഥാൻ അംബാസഡർ മാർക്ക് 4 അദ്ദേഹം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. താരത്തിന്റെ ശേഖരത്തിലേക്ക് എത്തിയിരിക്കുന്ന ഏറ്റവും പുതിയ വിന്റേജ് കാർ കാഡിലാക് ആണ്. റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനിയാണ് ഇതിന്റെ ആദ്യ ഉടമസ്ഥൻ എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് കാറിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ റേഞ്ച് റോവറിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ കാഡിലാക് ആണെന്ന് ആരാധകർ തിരിച്ചറിയുകയായിരുന്നു. താരത്തിന്റെ ഭാര്യാപിതാവ് കൂടിയായ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കെ.ബാലാജിയാണ് കാർ വാങ്ങിയതെന്നാണ് സൂചന. അംബാനിയിൽ നിന്നാണ് ബാലാജി ഈ വിന്റേജ് കാഡിലാക്ക് വാങ്ങിയത്. അദ്ദേഹം നിർമ്മിച്ച പല സിനിമകളിലും ഈ കാർ അവതരിപ്പിച്ചിരുന്നു.
ചിത്രത്തിൽ കാണുന്ന കാർ ഒരു 1958 മോഡൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാഡിലാക് സെഡാൻ ആണ്. 38 വർഷം പഴക്കമുള്ള വാഹനം മികച്ച നിലയിൽ പരിപാലിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മോഹൻലാൽ ഈ ആഡംബര സെഡാന്റെ റിസ്റ്റൊറേഷൻ തുടങ്ങിയതെന്നാണ് സൂചന. ആദ്യം ചെന്നൈയിലായിരുന്ന ഈ അമേരിക്കൻ ആഡംബര സെഡാൻ. മോഹൻലാൽ കൊച്ചിയിൽ കൊണ്ടുവന്നാണ് ഇത് നവീകരിച്ചത്.
കൊച്ചിയിലെ ഫ്ലമിംഗോ ഗാരേജാണ് ഈ സെഡാന്റെ റിസ്റ്റൊറേഷൻ പ്രവർത്തനങ്ങൾ നടത്തിയത്. കാറിന് അറ്റകുറ്റപ്പണികൾക്കൊപ്പം പുതിയ നിറവും നൽകിയിട്ടുണ്ട്. വൈറ്റ് ഷേഡിലാണ് ഈ ക്ലാസിക് അമേരിക്കൻ ബ്യൂട്ടി ഇപ്പോഴുള്ളത്. സെഡാന്റെ രജിസ്ട്രേഷൻ നമ്പർ MAS 2100 ആണ്.
അംബാനിയുടെ ക്ലാസിക് കാഡിലാക് ലാലേട്ടന്റെ ഗാരേജിലേക്ക്.
