വരാനിരിക്കുന്ന ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നിവയെല്ലാം മുന്നില്‍ക്കണ്ട് വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങി ടീം ഇന്ത്യ. വെസ്റ്റിന്‍ഡീസ് പര്യടനം മുതല്‍ ടീമില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങുംമെന്നാണ് മനസിലാക്കേണ്ടത്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയും മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20 പരമ്പരയുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുത്. മൂന്ന് ഫോര്‍മാറ്റിലുമായി അഞ്ച് യുവതാരങ്ങളെ ഇന്ത്യ പരിഗണിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ടെസ്റ്റിലേക്ക് യശ്വസി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക് വാദ്, മുകേഷ് കുമാര്‍ എന്നിവരെ പരിഗണിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ചേതേശ്വര്‍ പുജാരക്ക് പകരം മൂന്നാം നമ്പറില്‍ ഋതുരാജിനെയും ഓപ്പണിങ്ങില്‍ ബാക്കപ്പ് റോളിലേക്ക് ജയ്സ്വാളിനെ പരിഗണിക്കാനാണ് നീക്കം.
ഉമേഷ് യാദവിന്റെയും ഇഷാന്ത് ശര്‍മയുടെയും കാലം കഴിഞ്ഞതിനാല്‍ ഇന്ത്യക്ക് മികച്ച പേസറെ അത്യാവശ്യമാണ്. അതിനാല്‍ ടെസ്റ്റില്‍ ഇന്ത്യ നിലവില്‍ മുകേഷ് കുമാറിനെ പിന്തുണച്ചേക്കും. ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വരുമ്പോള്‍ മധ്യനിരയുടെ ബാറ്റിംഗ് തന്നെയാണ് പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ റിങ്കു സിംഗിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. ഇന്ത്യക്ക് ഏകദിനത്തിലും ടി20യിലും പരിഗണിക്കാവുന്ന ഫിനിഷറാണ് റിങ്കു. ഇടം കൈയനായ താരത്തിന് മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനായേക്കും.
ടി20 ടീമിലേക്ക് ജയ്സ്വാളിനെയും റിങ്കുവിനെയും കൂടാതെ ജിതേഷ് ശര്‍മയേയും തിലക് വര്‍മയേയും ടീം പിന്തുണച്ചേക്കുമെന്നാണ് സൂചന. ഇതോടെ ടി20യില്‍ കെഎല്‍ രാഹുലിന് ഇടം നഷ്ടമായേക്കും
ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിയ്ക്ക് ഒരുങ്ങി ബിസിസിഐ
