കൊച്ചി: എ.ഐ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന പ്രതിപക്ഷ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം. എസ് ആർ ഐ ടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.
ഉന്നതഉദ്യോഗസ്ഥരും ഭരണ സംവിധാനത്തിലെ ഉന്നത നേതാക്കളും ഇടപെട്ടാണ് അഴിമതിക്കുള്ള കളമൊരുക്കിയതെന്നാണ് ആരോപണം. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹർജിയിലൂടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്.കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണംമെന്നും ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എൻ.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്നു പരിഗണിക്കും.
236 കോടി രൂപ ചെലവിട്ടു ബി.ഒ.ഒ.ടി (ബിൽഡ്, ഓൺ, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിക്കായി കെൽട്രോൺ തയ്യാറാക്കിയ ഡി.പി.ആർ ധനകാര്യവകുപ്പ് തള്ളിയതാണ്. പദ്ധതി നടത്തിപ്പുകാർക്ക് അധികാരത്തിലെ ഉന്നതരുമായി നേരിട്ടുള്ള ബന്ധവും രാഷ്‌ട്രീയ സ്വാധീനവുമാണ് ഇതു നടപ്പാക്കാൻ കാരണം.പദ്ധതിക്കുവേണ്ട സാങ്കേതിക പരിജ്ഞാനം കെൽട്രോണിനില്ല. ഐ.ടി പദ്ധതികളിൽ കെൽട്രോണിന് പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് പദവിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
എ.ഐ ക്യാമറ വിവാദം ഹൈക്കോടതിക്ക് മുന്നിൽ; കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷ ഹർജിയിൽ തീരുമാനം ഇന്ന്
