ന്യൂഡൽഹി: ഇന്ത്യയിൽ ബംഗളുരുവിലും അഹമ്മദാബാദിലുമായി രണ്ട് പുതിയ യുഎസ് കോൺസുലേറ്റുകൾ കൂടെ തുറക്കുമെന്ന് പ്രധാനമന്ത്രി മോദി. യു എസ് സന്ദർശനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. ജനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കാൻ ഉദ്ദേശിക്കുന്നതായി യുഎസ് സന്ദർശനത്തിനിടെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
ന്യൂഡൽഹിയിലെ യുഎസ് എംബസി ലോകത്തിലെ ഏറ്റവും വലിയ യുഎസ് നയതന്ത്ര ദൗത്യങ്ങളിലൊന്നാണ്. മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ നാല് കോൺസുലേറ്റുകളുടെ പ്രവർത്തനങ്ങൾ എംബസി ഏകോപിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജരായ അംഗങ്ങൾ ഇനി മുതൽ എച്ച്-1 ബി വിസയ്ക്കായി യുഎസിൽ പോകേണ്ടതില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എച്ച് 1 ബി വിസ പുതുക്കൽ യുഎസിൽ തന്നെ നടത്താമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.