ഏകദിന ലോകകപ്പിന് 100 ദിവസത്തില്‍ താഴെ മാത്രം ബാക്കിയിരിക്കെ യുവതാരം ശ്രേയസ് അയ്യര്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് ആശങ്ക.നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് വളരെ സാവധാനമാണ് തിരിച്ചുവരുന്നതെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഐപിഎല്ലിനിടെ കാലിലെ തുടകള്‍ക്ക് പരിക്കേറ്റ് പുറത്തായ കെ എല്‍ രാഹുല്‍ അതിവേഗം സുഖം പ്രാപിച്ചുവരികയാണെന്നും ഏഷ്യാ കപ്പിനുള്ള ടീമില്‍ തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.
ലോകകപ്പിന് മുമ്ബ് ഏഷ്യാ കപ്പില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിക്കുക എന്നത് നിലവില്‍ ശ്രേയസിനെ സംബന്ധിച്ചിടത്തോളം വിദൂര സാധ്യതയാണ്. എന്നാല്‍ രഹുലിന് ഏഷ്യാ കപ്പില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാവും. ഓഗസ്റ്റ് അവസാനമാണ് ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡ് ഐസിസിക്ക് സമര്‍പ്പിക്കേണ്ടത്. ഇതിന് മുമ്ബ് ഫോമും ഫിറ്റ്നെസും തെളിയിക്കുക എന്നത് ശ്രേയസിന് പുറമെ റിഷഭ് പന്തിനും കടുത്ത വെല്ലുവിളിയാവും.ശ്രേയസിന്‍റെ അഭാവത്തില്‍ മധ്യനിരയിലേക്ക് സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയാകും സെലക്ടര്‍മാര്‍ പരിഗണിക്കുക. ഇടം കൈയന്‍ ബാറ്ററാണെന്നത് ഇഷാന്‍ കിഷന് അധിക ആനുകൂല്യം നല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെ ഏകദിന ഡബിള്‍ നേടിയശേഷം മികവ് കാട്ടാന്‍ കിഷനായിട്ടില്ല. ടി20യില്‍ മിന്നും ഫോം തുടരുമ്ബോഴും സൂര്യകുമാര്‍ ആകട്ടെ ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരെ കളിച്ച മൂന്ന് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായി.അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്ബര സഞ്ജുവിനെയും സൂര്യകുമാറിനെയും ഇഷാന്‍ കിഷനെയും സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ലോകകപ്പ് ടീമില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഓപ്പണര്‍ സ്ഥാനത്തെത്തുമെന്നുറപ്പാണ്. മൂന്നാം നമ്ബറില്‍ വിരാട് കോലിയും അഞ്ചാം നമ്ബറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാവും എത്തുക. രാഹുല്‍ കായികക്ഷമതയും ഫോമും വീണ്ടെടുത്താല്‍ നാലാം നമ്ബറില്‍ കളിക്കും. ആറാം നമ്ബറിലോ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കോ സഞ്ജുവിനെയും കിഷനെയും പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.
ശ്രേയസ് ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തില്‍
