യാത്രക്കാര്‍ കുറവുള്ള ട്രെയിനുകളിലെ എസി ചെയര്‍കാര്‍, എക്സിക്യുട്ടീവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയില്‍വേയുടെ തീരുമാനം.റെയില്‍വേ ബോര്‍ഡ് എല്ലാ സോണുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
വന്ദേഭാരത് ഉള്‍പ്പടെ അനുഭൂതി, വിസ്താഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് നിരക്ക് ഇളവുണ്ടാകുക. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളാകും 25 ശതമാനം വരെയുള്ള നിരക്കിളവിന് പരിഗണിക്കുക. കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു.
അടിസ്ഥാന നിരക്കില്‍ മാത്രമാകും 25 ശതമാനം വരെ ഇളവ് ലഭിക്കുക. റിസര്‍വേഷൻ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി തുടങ്ങിയില്‍ ഇളവ് ലഭിക്കില്ല.
നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ ഇളവ് ലഭിക്കില്ല. അവധിക്കാല-ഉത്സവ പ്രത്യേക ട്രെയിനുകളിലും നിരക്കിളവ് ബാധകമല്ലെന്ന് റെയില്‍വേ വ്യക്തമാക്കി.
യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ക്ലാസുകളില്‍ നിരക്ക് കുറച്ച് റെയില്‍വേ
