കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിക്കായുള്ള രക്ഷാപ്രവര്‍ത്തനം രണ്ടാംദിനവും ഫലവത്തായില്ല.അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്ന് പകലും രാത്രിയിലുമായി നടത്തുന്ന ശ്രമങ്ങള്‍ ഞായറാഴ്ച രാത്രി വൈകിയും തുടരുകയാണ്. ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിലാണ് വെങ്ങാനൂര്‍ സ്വദേശിയായ മഹാരാജനെന്ന(55) തൊഴിലാളി അകപ്പെട്ടത്.
ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങള്‍, 25-ലധികം പോലീസുകാര്‍, കിണര്‍നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള 25-തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ രണ്ടുദിവസമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മേല്‍മണ്ണു മാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ നിരവധി തവണയാണ് രക്ഷാസംഘം ശ്രമിച്ചത്. എന്നാല്‍ കിണറിന്റെ മുകള്‍ഭാഗത്തുള്ള ഉറകള്‍ ഇളകിവീണ് മണ്ണിടിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി.കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നതിനാല്‍ കിണറിനുള്ളില്‍ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയുയര്‍ത്തി. കിണറിനുള്ളിലേക്ക് വീണ 16-ലധികം ഉറകള്‍ പൊട്ടിച്ച് കരയിലെത്തിച്ചു. കിണറിനുള്ളിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മണ്ണുനീക്കിയത്. തുടര്‍ന്ന് കിണറ്റില്‍ വെള്ളക്കെട്ടുണ്ടായി.
രണ്ട് പമ്ബ് സെറ്റുകള്‍ ഉപയോഗിച്ച് അഞ്ച് മണിക്കൂറോളം വെള്ളം പമ്ബു ചെയ്തു നീക്കി. ഉറകള്‍ ബലപ്പെടുത്താനായി ഉപയോഗിച്ച ചല്ലിയും മണലും വെള്ളത്തിനടിയില്‍ നിറഞ്ഞ് ഈ ഭാഗത്ത് മഹാരാജൻ പുതഞ്ഞിരിക്കുകയാണെന്നാണ് രക്ഷാസംഘത്തിന്റെ നിഗമനം.
വെള്ളം വറ്റിച്ചപ്പോള്‍ മഹാരാജന്റെ ഒരു കൈ കാണാമായിരുന്നെന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു. കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോറും കിണറ്റിലകപ്പെട്ടിരുന്നു. ഈ മോട്ടോര്‍ ചെളിയും മണ്ണുമായി കൂടിക്കലര്‍ന്ന് മഹാരാജന്റെ ദേഹത്ത് പതിച്ചിരിക്കാമെന്നാണ് കരുതുന്നത്.
മഹാരാജന്റെ കൈ കണ്ടു, പ്രതീക്ഷയ്ക്ക് മുകളില്‍ വീണ്ടും മണ്ണിടിച്ചില്‍; അദാനി കമ്ബനിയേയും സമീപിച്ചു
