കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു.വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍ബന്ധമായും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2022 -23 അക്കാദമിക വര്‍ഷം 325 കേസുകള്‍ വിവിധ സ്കൂളുകളില്‍ അദ്ധ്യാപകരുടെ / അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും 183 കേസുകള്‍ മാത്രമാണ് എൻഫോഴ്സ്മെൻറ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തിയാല്‍ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്സൈസ് / പോലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കല്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കാൻ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജൂലായ് 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികള്‍ യോഗം ചേര്‍ന്ന് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്സ് ക്യാമ്ബയിനിന്റെ സ്പെഷ്യല്‍ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നല്‍കാൻ പോലീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കും.
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം: പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി
