അധിനിവേശ ക്രിമിയയില്‍ റഷ്യൻ സൈനിക പരിശിലീന കേന്ദ്രത്തിലെ ആയുധഡിപ്പോയില്‍ സ്ഫോടനം. ഇന്നലെ പുലര്‍ച്ചെയുണ്ടായ സംഭവത്തിനു പിന്നില്‍ യുക്രെയ്ൻ സേനയാണെന്ന് സൂചനയുണ്ട്.രണ്ടു മണിക്കൂര്‍ ഉഗ്രസ്ഫോടനങ്ങളുണ്ടായി. മേഖലയിലെ നാലു ഗ്രാമങ്ങളില്‍നിന്ന് 2,200 പേരെ അടിയന്തരമായി ഒഴിപ്പിച്ചുമാറ്റി. ക്രിമിയയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തവ്രിദ ഹൈവേയിലെ 12 കിലോമീറ്റര്‍ഭാഗത്ത് ഗതാഗതം നിര്‍ത്തിവച്ചു.
കിറോവിസ്കി ജില്ലയിലെ പട്ടാള പരിശീലന ഗ്രൗണ്ടിനോടു ചേര്‍ന്ന ഡിപ്പോയിലാണു സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് റഷ്യൻ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഡിപ്പോയ്ക്കു നേര്‍ക്ക് യുക്രെയ്ൻ സേന മൂന്നുവട്ടം ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ക്രിമിയയെയും റഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കെര്‍ച്ച് പാലത്തിനു നേര്‍ക്ക് തിങ്കളാഴ്ച ആക്രമണമുണ്ടായിരുന്നു. പാലത്തില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതിനിടെയാണ് ആയുധഡിപ്പോ ആക്രമിക്കപ്പെട്ടത്.
ക്രിമിയയിലെ റഷ്യന്‍ ആയുധഡിപ്പോയില്‍ സ്ഫോടനം
