ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക പുരോഗതി. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
സെപ്റ്റംബർ 19-ന് ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുകയായിരുന്ന സൈനിക ട്രക്കിന് നേരെ അജ്ഞാത സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കുറഞ്ഞത് അഞ്ചുപേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സുരക്ഷാ സേനയ്ക്ക് നേരെ ഇത്തരമൊരു ആക്രമണം നടക്കുന്നത്. തീവ്ര മെയിത്തെയ് സംഘടനകളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ നടന്ന ഈ ആക്രമണത്തെ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മണിപ്പൂരിൽ സുരക്ഷ ശക്തമാക്കി. അതേസമയം, സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തെ കുക്കി സംഘടനകളും ശക്തമായി അപലപിച്ചു.

ffdhix