ദുബായിലെ ബുർജ് ഖലീഫ പൂർണ്ണമായും ഒഴിപ്പിച്ചു

ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായിരിക്കുകയാണ്. ഒമാൻ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങളിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകൾ എത്തിയതായാണ് റിപ്പോർട്ടുകൾ. ദുബായ്, അബുദാബി, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും വിവരങ്ങളുണ്ട്. സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചു. ഇതോടെ എയർ ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും യാത്രകൾ താൽക്കാലികമായി റദ്ദാക്കിയതോടെ പ്രവാസികൾ വലിയ ആശങ്കയിലായിരിക്കുകയാണ്. ഇസ്രായേലിലെ ടെൽ അവീവിലും ഇറാനിലും ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് സൂചനകൾ.