ടിക്കറ്റിലെ പേര് മാറ്റാനും റദ്ദാക്കാനും ഇനി പണം നൽകേണ്ട! യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ

ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ പരിഷ്കാരങ്ങൾ ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ (DGCA) പ്രഖ്യാപിച്ചു. ഇതുപ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ യാതൊരു അധിക ചാർജും നൽകാതെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ ഇനി യാത്രക്കാർക്ക് സാധിക്കും. 2026 ഫെബ്രുവരി 24-നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നതിന് ആഭ്യന്തര സർവീസുകൾക്ക് കുറഞ്ഞത് ഏഴ് ദിവസം മുൻപും, അന്താരാഷ്ട്ര സർവീസുകൾക്ക് 15 ദിവസം മുൻപും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം എന്ന നിബന്ധനയുണ്ട്.​

ടിക്കറ്റിലെ പേരുകൾ തിരുത്തുന്നതിനും ഇനി മുതൽ പണം നൽകേണ്ടതില്ല. ബുക്കിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ പേറ്റിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ വിമാനക്കമ്പനികൾ സൗജന്യമായി അത് തിരുത്തി നൽകണം. എയർലൈൻ വെബ്സൈറ്റുകൾ വഴി നേരിട്ട് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. കൂടാതെ, ട്രാവൽ ഏജന്റുമാർ വഴിയോ മറ്റ് പോർട്ടലുകൾ വഴിയോ ആണ് ടിക്കറ്റ് എടുത്തതെങ്കിൽ പോലും, പണം തിരികെ നൽകേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനിക്കായിരിക്കും. 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് തുക നൽകിയിരിക്കണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്.​

യാത്രക്കാരനോ കുടുംബാംഗമോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളിലും ഡിജിസിഎ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടപ്പോൾ യാത്രക്കാർ നേരിട്ട റീഫണ്ട് സംബന്ധമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എയർലൈനുകളെ കൂടുതൽ ഉത്തര വാദിത്തമുള്ളവരാക്കുന്നതിനുമാണ് ഈ പുതിയ മാനദണ്ഡങ്ങൾ ലക്ഷ്യമിടുന്നത്.