കൊച്ചി: അഡ്വ. സത്ജിത് വി.എച്ച്. നേതൃത്വം നൽകുന്ന ജെ.എസ്.എസ്. (സോഷ്യലിസ്റ്റ്) വിഭാഗം, അഡ്വ. എ.എൻ. രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള മാതൃസംഘടനയായ ജെ.എസ്.എസ്.-ൽ ലയിച്ചു. യു.ഡി.എഫ്. ഘടകകക്ഷിയായ ജെ.എസ്.എസ്.-ലേക്ക് നടന്ന ഈ ലയനത്തെത്തുടർന്ന് സത്ജിത് വി.എച്ചിനെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.
1994-ൽ സഖാവ് കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെ.എസ്.എസ്. രൂപീകരിക്കപ്പെട്ട സമയത്തെ 11 സ്ഥാപക ഭാരവാഹികളിൽ ഒരാളാണ് സത്ജിത്. നിലവിൽ പാർട്ടിയിൽ തുടരുന്ന ഏക സ്ഥാപക ഭാരവാഹി കൂടിയായ അദ്ദേഹം, 1996-ൽ കരുനാഗപ്പള്ളി നിയസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്നു. യു.ഡി.എഫ്. സംസ്ഥാന ഏകോപന സമിതിയിൽ മുൻപ് അംഗമായിരുന്ന സത്ജിത്, കാംകോ (KAMCO), കെയ്കോ (KAICCO) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മുൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് അദ്ദേഹം.
