തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതനുസരിച്ച് 2026 ജൂൺ 30-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് 2027 ജൂൺ 30 വരെ സർവീസിൽ തുടരാനാകും. ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയായ ചന്ദ്രശേഖർ 1991 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
സേനയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി 51 പുതിയ തസ്തികകൾ സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ഇതിൽ 4 സബ് ഇൻസ്‌പെക്ടർ ഡ്രൈവർമാർ, 12 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഡ്രൈവർമാർ, 35 ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലെ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്.
കൂടാതെ, സ്വന്തമായി ഫിംഗർപ്രിന്റ് ബ്യൂറോ ഇല്ലാത്ത ഏക ജില്ലയായ കണ്ണൂർ റൂറൽ പരിധിയിൽ പുതിയ ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോ സ്ഥാപിക്കാനും തീരുമാനമായി. ഇതിനായി ഒരു ടെസ്റ്റർ ഇൻസ്‌പെക്ടർ, രണ്ട് ഫിംഗർപ്രിന്റ് എക്‌സ്‌പേർട്ടുകൾ, ഒരു ഫിംഗർപ്രിന്റ് സെർച്ചർ എന്നിങ്ങനെ നാല് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ അനുമതി നൽകി.
