ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഒക്ടോബർ 27-ന് ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനത്തെ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ പെൻഷൻ കൈമാറും.
ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം ലഭിക്കേണ്ട 8.46 ലക്ഷം പേർക്കായി 24.21 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെയായി ക്ഷേമ പെൻഷൻ വിതരണത്തിനായി 43,653 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
