കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനെയാണ് പ്രതികൾ കാറിടിച്ച് പരിക്കേൽപ്പിച്ചത്. അപകടമുണ്ടാക്കിയ നീല നിറത്തിലുള്ള കാർ കൊല്ലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാഹന പരിശോധനയ്ക്കിടെ എത്തിയ കാറിന് നിർത്താൻ ആവശ്യപ്പെട്ട് പൊലീസ് കൈകാണിച്ചു. ആദ്യം വേഗത കുറച്ച പ്രതികൾ, പൊലീസുകാരൻ അടുത്തേക്ക് എത്തിയതോടെ പെട്ടെന്ന് അമിതവേഗതയിൽ കാർ മുന്നോട്ടെടുത്ത് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിലേക്ക് വീണ സന്തോഷുമായി 20 മീറ്ററോളം കാർ മുന്നോട്ട് പാഞ്ഞു. തുടർന്ന് സഡൻ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ അദ്ദേഹം റോഡിലേക്ക് തെറിച്ചുവീണു.
വീഴ്ചയുടെ ആഘാതത്തിൽ എ.എസ്.ഐ സന്തോഷിന്റെ ഇരുകാലുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് കൊല്ലത്തുനിന്നും പ്രതികളെ പിടികൂടാനായത്. കൊച്ചിയിൽ പഠനത്തിനായി എത്തിയവരാണ് പിടിയിലായ യുവാക്കൾ. ഇവർ എന്തിനാണ് വാഹനം നിർത്താതെ പോയതെന്നും, ഇവർക്ക് ലഹരിമരുന്ന് സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
