തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി.
2025 ഒക്ടോബർ 6-ാം തീയതിയാണ് 9.41 കോടി രൂപ എന്ന ഈ മികച്ച നേട്ടം കൈവരിക്കാനായത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന പ്രതിദിന വരുമാനം 2025 സെപ്റ്റംബർ 8-ന് നേടിയ 10.19 കോടി രൂപയാണ്.
ജീവനക്കാരും സൂപ്പർവൈസർമാരും ഓഫീസർമാരും നടത്തിയ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു.
ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും കെഎസ്ആർടിസി മാനേജ്മെന്റിന്റെ ചിട്ടയായ പ്രവർത്തനങ്ങളും ഈ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചു.
പുതിയ ബസുകൾ നിരത്തിലിറക്കിയതും സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിച്ചതും യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ സഹായിച്ചു.
ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവനക്കാരോടും, കെഎസ്ആർടിസിയിൽ വിശ്വാസമർപ്പിച്ച യാത്രക്കാരോടും, പിന്തുണ നൽകിയ തൊഴിലാളി സംഘടനകളോടും ചെയർമാനും മാനേജിംഗ് ഡയറക്ടറും നന്ദി രേഖപ്പെടുത്തി.
