ചെന്നൈ: കൊറിയർ കമ്പനിയിൽ നിന്ന് 4.5 കോടി രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ പിടിയിൽ

ചെന്നൈ: കാഞ്ചീപുരത്ത് വെച്ച് കൊറിയർ കമ്പനിയുടെ വാഹനം തടഞ്ഞുനിർത്തി നാലര കോടി രൂപ കവർച്ച നടത്തിയ കേസിൽ അഞ്ച് മലയാളികളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത്‌ലാൽ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. മൊത്തം 17 അംഗങ്ങളുള്ള മലയാളി സംഘമാണ് ഈ വൻ കവർച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെ കണ്ടെത്താനായി തമിഴ്‌നാട് പോലീസ് സംഘം കേരളത്തിലെത്തി തിരച്ചിൽ നടത്തുകയാണ്. മുംബൈ ബോറിവലി സ്വദേശിയും കൊറിയർ കമ്പനി ഉടമയുമായ 56-കാരനായ ജതിൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏകദേശം ഒന്നര മാസം മുമ്പ്, ജതിൻ്റെ കമ്പനി ഡ്രൈവർമാരായ പിയൂഷ് കുമാർ, ദേവേന്ദ്ര പട്ടേൽ എന്നിവർ ഹ്യുണ്ടായ് ക്രെറ്റ കാറിൽ ബംഗളൂരുവിൽ നിന്ന് ചെന്നൈ സൗക്കാർപേട്ടയിലേക്ക് പണവുമായി വരുന്നതിനിടെയാണ് കവർച്ച നടന്നത്.