തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയതായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.
ശസ്ത്രക്രിയ (സിസേറിയൻ) നടത്തുന്നതിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ കാലതാമസം ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യസമയത്ത് ശരിയായ തീരുമാനമെടുത്തിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും സമിതി വിലയിരുത്തി. മെഡിക്കൽ കോളജ് അധികൃതർ തയ്യാറാക്കിയ ഈ റിപ്പോർട്ട് കേസിൽ നിർണ്ണായകമാകും.
