കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്: വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ രംഗത്തെത്തി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ വധശ്രമത്തിന് കേസെടുത്തിരിക്കുന്നതെന്നും, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാത്രമേ ഏതെല്ലാം വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം അറിയിച്ചു.

​സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനയും അന്വേഷണവും നടന്നു വരികയാണെന്ന് ഡിജിപി പറഞ്ഞു. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചാർജ് ചെയ്ത വകുപ്പുകളിൽ മാറ്റം വരുത്തണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തും. മന്ത്രിക്കെതിരായ ആക്രമണത്തിൽ നിലവിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.