തിരുവനന്തപുരം: ഇസ്രായേലിലെ ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന മലയാളി യുവാവ് മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്ക് സ്വദേശി സുരേഷ് (42) ആണ് മരിച്ചത്. സുരേഷിന്റെ മരണവാർത്ത ഇസ്രായേലിലുള്ള സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
മരണത്തിന് തൊട്ടുമുമ്പ് സുരേഷ് അയച്ച ശബ്ദസന്ദേശത്തിൽ പ്രദേശത്തെ ഭീകരാന്തരീക്ഷത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. താമസസ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറികൾ വാങ്ങാനായി താൻ പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ച അവസാന സന്ദേശത്തിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവരുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേലിൽ ജോലി ചെയ്തുവരികയായിരുന്നു സുരേഷ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി എംബസി വഴി അന്വേഷണം നടത്തിവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
