നയാര ഇന്ധന വില വർദ്ധിപ്പിച്ചു: പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂടി

രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് കമ്പനി ഉയർത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാരയ്ക്ക് രാജ്യത്തുടനീളം 6,660 ഔട്ട്‌ലെറ്റുകളാണുള്ളത്. ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താൻ കമ്പനി ഒരുങ്ങുന്നതിനിടെയാണ് ഈ വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത് എന്നത് ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.​

നിലവിൽ നയാര ഒഴികെയുള്ള മറ്റ് ഇന്ധന കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടില്ല. എന്നാൽ ഇറാൻ-യുഎസ് സംഘർഷം മൂലമുണ്ടായ ആഗോള പ്രതിസന്ധി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇന്ധനവിലയെ കാര്യമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിലെ കണക്കുകൾ പ്രകാരം ഹൈദരാബാദിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തിയിരിക്കുന്നത്; ലിറ്ററിന് 107.46 രൂപ. മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും പെട്രോൾ വില നൂറ് രൂപ കടന്നു. ഹൈദരാബാദിൽ ഡീസൽ വില ലിറ്ററിന് 95.70 രൂപയിലെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത വരും ദിവസങ്ങളിലും ഇന്ധനവിലയെ ബാധിക്കാൻ സാധ്യതയുണ്ട്.