കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ 62.71 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഉച്ചയോടെ തന്നെ 40 ശതമാനം പിന്നിട്ട പോളിംഗ് നില, വൈകുന്നേരത്തോടെ വലിയൊരു ശതമാനത്തിലേക്ക് എത്തുമെന്നാണ് സൂചനകൾ. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വോട്ടർമാരുടെ നീണ്ട നിരയാണ് രാവിലെ മുതൽ ദൃശ്യമാകുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 ബൂത്തുകളിലായി 2.71 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. മൂന്നാഴ്ചയോളം നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണത്തിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നടൻ മോഹൻലാൽ എന്നിവരും പ്രമുഖ സ്ഥാനാർത്ഥികളും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
