കൊച്ചി: കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അസാധാരണമാംവിധം വർധിച്ചതിനും തൽഫലമായുണ്ടായ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനം കാരണം കടലിലുണ്ടാകുന്ന മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന മാർഗ്ഗമാണ് മത്തി. എന്നാൽ, സമീപ വർഷങ്ങളിൽ ഇതിന്റെ ലഭ്യതയിൽ വൻ വ്യതിയാനമാണുണ്ടായത്. 2012-ൽ റെക്കോർഡ് അളവായ നാല് ലക്ഷം ടൺ ലഭിച്ചിടത്ത്, 2021-ൽ അത് 3500 ടണ്ണായി കുത്തനെ കുറഞ്ഞു.എന്നാൽ, കഴിഞ്ഞ വർഷം സ്ഥിതി മാറി. ഏകദേശം പത്ത് സെന്റിമീറ്റർ മാത്രം വലിപ്പമുള്ള ലക്ഷക്കണക്കിന് കുഞ്ഞൻ മത്തികൾ കേരള തീരത്ത്, പ്രത്യേകിച്ച് കോഴിക്കോട്, തൃശൂർ ജില്ലകളിൽ വൻതോതിൽ പ്രത്യക്ഷപ്പെടുകയും കൂട്ടത്തോടെ കരയ്ക്കടിയുകയും ചെയ്തിരുന്നു. മൺസൂൺ മഴയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് സിഎംഎഫ്ആർഐയുടെ കണ്ടെത്തൽ.
മത്തി ലഭ്യതയിലെ വൻ വ്യതിയാനത്തിന് കാരണം മൺസൂൺ മാറ്റങ്ങൾ: സിഎംഎഫ്ആർഐ പഠനം
