ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് പ്രവേശനമില്ല: കേരള വി.സി.യുടെ പുതിയ സർക്കുലർ

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്ക് കോളേജ് പ്രവേശനം നിഷേധിച്ചുകൊണ്ട് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ കർശന നിലപാടുമായി രംഗത്ത്. ഇതുസംബന്ധിച്ച് അദ്ദേഹം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകൾക്ക് സർക്കുലർ അയച്ചു.

പുതിയ നിർദ്ദേശമനുസരിച്ച്, പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ പ്രതികളല്ല എന്ന് ഉറപ്പുവരുത്തി ഒരു സത്യവാങ്മൂലം (Affidavit) നൽകണം. ഈ സത്യവാങ്മൂലം ലംഘിക്കുന്നതായി തെളിഞ്ഞാൽ വിദ്യാർഥിക്കെതിരെ തുടർനടപടി സ്വീകരിക്കും.

വിദ്യാർഥികൾ നിർബന്ധമായും മറുപടി നൽകേണ്ട നാല് പ്രധാന ചോദ്യങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:

  1. മുമ്പ് ഏതെങ്കിലും കോളേജുകളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടോ (ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ)?
  2. ക്രിമിനൽ കേസുകളിൽ പ്രതിയാണോ?
  3. സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?
  4. പരീക്ഷാ ക്രമക്കേടുകൾക്ക് പിടിക്കപ്പെട്ടിട്ടുണ്ടോ?

ഈ സർക്കുലർ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ കോളേജ് കൗൺസിലിന് ഉചിതമായ നടപടി തീരുമാനിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.