തിരുവനന്തപുരം: മരണത്തിലും മാതൃകയായി അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് അഡ്വ. ഡി.എസ്. രാജേഷ് (ദിവാകർ – 53) യാത്രയായി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ (Cerebral Haemorrhage) തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം മരണത്തിന് കീഴടങ്ങിയെങ്കിലും, അവയവദാനത്തിലൂടെ അഞ്ചുപേരിലൂടെ അദ്ദേഹം ഇനി ജീവിക്കും.
കവടിയാർ ജവഹർ നഗർ (L-10) നിവാസിയും ടാക്സ് കൺസൾട്ടന്റുമായ ദിവാകറിനെ ഡിസംബർ 14-ന് കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 17-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, ദുഃഖാർത്തരായ കുടുംബം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു.
അവയവ കൈമാറ്റം നടന്നത് ഇപ്രകാരം:വൃക്കയും കരളും: നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു.മറ്റൊരു വൃക്ക: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കായി നൽകി.നേത്രപടലങ്ങൾ: തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ ചികിത്സയിലുള്ള രണ്ടുപേർക്ക് ലഭിച്ചു. സംസ്ഥാന അവയവ-കല കൈമാറ്റ സംഘടനയായ കെ-സോട്ടോ (K-SOTTO) ആണ് ഈ പ്രക്രിയകൾ ഏകോപിപ്പിച്ചത്. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ പി.ഡി.ജി. ലയൺ എസ്. ശ്രീകുമാരന്റെ മകനാണ് അഡ്വ. രാജേഷ്. അഭിഭാഷകയായ അശ്വതി ബോസ് ആണ് ഭാര്യ. ഏക മകൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമായ ദിവാകറിന്റെ കുടുംബത്തിന്റെ തീരുമാനത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രശംസിച്ചു. കുടുംബത്തിന്റെ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. ഭൗതികശരീരം ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
