കോഴിക്കോട് : ജില്ലയിൽ കോഴിയിറച്ചി വില റെക്കോർഡ് വർദ്ധനവിലേക്ക്. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 200 രൂപയായിരുന്ന ബ്രോയിലർ ചിക്കൻ വില നിലവിൽ 290 രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. ബ്രോയിലർ ചിക്കന് പുറമെ ലഗോൺ കോഴിയിറച്ചിക്ക് 230 രൂപയും, സ്പ്രിങ് ചിക്കന് 340 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്തുകയാണെന്ന് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നു.ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അവസാനിച്ചെങ്കിലും വിപണിയിൽ ഇറച്ചി വില താഴാത്തത് സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പക്ഷിപ്പനി നിയന്ത്രണങ്ങൾക്കിടയിലും പുതുവത്സരത്തിൽ വിൽപനയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിരുന്നു. എന്നാൽ നിലവിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. സിവിൽ സപ്ലൈസ് വിഭാഗം കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കോഴിക്കോട്ടെ ചിക്കൻ വ്യാപാരി വ്യവസായി സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിയിറച്ചി വില റെക്കോർഡ് വർദ്ധനവിലേക്ക്
