മണിയൻപിള്ള രാജുവിന്റെ കാറപകടം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം : തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയി. പിന്നീട് പിന്നേറ്റാണ് സ്റ്റേഷനിൽ ഹാജരായത്. ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

ഒരു ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു. തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം.

രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു. പൊലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള പ്രധാന റോഡിലെ സിസിടിവി പരിശോധിച്ച് രാത്രി തന്നെ കാര്‍ കസ്റ്റഡിയിൽ എടുത്തില്ല. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല.

പിറ്റേന്ന് രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു. പരിശോധനയ്ക്ക് രക്ത സാമ്പിൾ കെമിക്കൽ ലാബിലേയ്ക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്. ഇത് കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.