തിരുവനന്തപുരം : തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകൾ നാളെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് ദിവസം കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ഷോപ്പിംഗ് മാളുകൾ, സ്‌പെഷ്യൽ ഇക്കണോമിക് സോണുകൾ എന്നിവയുൾപ്പെടെ പണിമുടക്കിനോട് സഹകരിക്കും.ഒഴിവാക്കിയ സർവീസുകൾഅത്യാവശ്യ സർവീസുകളെയും ചില പ്രധാന ചടങ്ങുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർഥാടകർ, മാരാമൺ കൺവെൻഷൻ എന്നിവർക്ക് തടസ്സമുണ്ടാവില്ല. ഇതിന്റെ ഭാഗമായി കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ പാൽ, പത്രം, ആശുപത്രികൾ, മരുന്ന് കടകൾ, ഫയർ ഫോഴ്സ്, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങളും തടസ്സമില്ലാതെ തുടരും.പണിമുടക്കിന് വിപുലമായ പിന്തുണരാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് പണിമുടക്കിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സംയുക്ത കർഷക മോർച്ച, കർഷകത്തൊഴിലാളി സംഘടനകൾ എന്നിവർക്കൊപ്പം സി.പി.എം, സി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ, അധ്യാപകർ, ബാങ്ക്, ഇൻഷുറൻസ് ജീവനക്കാർ എന്നിവർക്ക് പുറമെ പ്രതിരോധം, റെയിൽവേ, തുറമുഖം, വ്യോമയാനം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കുചേരും.
ദേശീയ പണിമുടക്ക്: കേരളം നാളെ സ്തംഭിച്ചേക്കും
