കൊൽക്കത്ത: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ സൂപ്പർ എട്ട് പോരാട്ടത്തിൽ വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 50 പന്തിൽ പുറത്താവാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയശില്പി. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് എടുത്തത്. ഓപ്പണർമാരായ ഷായ് ഹോപ്പും (32) റോസ്റ്റൺ ചേസും (40) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും റൺറേറ്റ് കുറവായിരുന്നു. പിന്നീട് വന്ന ഷിംറോൺ ഹെറ്റ്മെയർ (27) സ്കോറിംഗ് വേഗത്തിലാക്കിയെങ്കിലും ഒരേ ഓവറിൽ ഹെറ്റ്മെയറേയും ചേസിനേയും പുറത്താക്കി ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇന്ത്യക്ക് വേണ്ടി ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ഓപ്പണർമാരായ അഭിഷേക് ശർമയും (10) ഇഷാൻ കിഷനും (10) നേരത്തെ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ സഞ്ജു സാംസണും സൂര്യകുമാർ യാദവും (18) ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്ത് ഇന്നിംഗ്സ് തിരിച്ചുപിടിച്ചു. തുടർന്നെത്തിയ തിലക് വർമ (27), ഹാർദിക് പാണ്ഡ്യ (17) എന്നിവർ ചെറിയ സംഭാവനകൾ നൽകി മടങ്ങിയെങ്കിലും ഒരറ്റത്ത് സഞ്ജു സാംസൺ ഉറച്ചുനിന്നു.
അവസാന ഓവറിൽ ജയിക്കാൻ ഏഴ് റൺസ് വേണ്ടിയിരിക്കെ റൊമാരിയോ ഷെപ്പേർഡിന്റെ ആദ്യ പന്തിൽ തന്നെ സഞ്ജു സിക്സർ പറത്തി ഇന്ത്യയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചു. തൊട്ടടുത്ത പന്തിൽ ഫോർ കൂടി നേടിയതോടെ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി. 12 ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്സ്. ശിവം ദുബെ (8) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു.
