പാലക്കാട് പിഷാരടി എത്തിയേക്കും; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാർ

പാലക്കാട്‌: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി കെപിസിസി. പാലക്കാട് മണ്ഡലത്തിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളിയതാണ് പട്ടികയിലെ പ്രധാന ആകർഷണം. നേരത്തെ ചർച്ചകളിൽ ഉണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയാണ് പിഷാരടിയെ പരിഗണിക്കുന്നത്. കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് പാലക്കാട് മണ്ഡലത്തിലേക്ക് പിഷാരടിയുടെ പേര് സജീവമായത്. കണ്ണൻ ഗോപിനാഥന്റെ പേരും ഈ മണ്ഡലത്തിൽ ചർച്ചയായിരുന്നു.

​മധുസൂദൻ മിസ്ത്രി അധ്യക്ഷനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നടത്തിയ രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് 50 പേരുടെ പട്ടിക കൈമാറിയത്. പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കാനാണ് പ്രാഥമിക തീരുമാനം. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് ശേഷം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.​

പ്രധാന മണ്ഡലങ്ങളിൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, തൃത്താലയിൽ വി.ടി. ബൽറാം, കൊല്ലത്ത് ബിന്ദു കൃഷ്ണ, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. അടൂർ സംവരണ മണ്ഡലത്തിൽ രമ്യ ഹരിദാസിനെയും തിരുവമ്പാടിയിൽ വി.എസ്. ജോയിയെയും ഇറക്കിയേക്കും. നെയ്യാറ്റിൻകരയിൽ എൻ. ശക്തൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, അരൂരിൽ ഷാനിമോൾ ഉസ്മാൻ എന്നിവരാണ് മറ്റ് പ്രധാന സാധ്യതകൾ.​

അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പൻചോല മണ്ഡലങ്ങളിൽ എം. ലിജുവിനെ പരിഗണിക്കുന്നുണ്ട്. കൂടാതെ കൊടുങ്ങല്ലൂരിൽ ഒ.ജെ. ജനീഷ്, മണലൂരിൽ ടി.എൻ. പ്രതാപൻ, നാദാപുരത്ത് കെ.എം. അഭിജിത്ത്, കൊയിലാണ്ടിയിൽ പ്രവീൺ കുമാർ എന്നിവരുടെ പേരുകളും ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെയും പാലക്കാട്ടെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.