സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം; വി. ജോയി വർക്കലയിൽ മത്സരിക്കും

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എ.എ. റഹീം എം.പിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. നിലവിലെ സെക്രട്ടറി വി. ജോയിയെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. നിലവിൽ വർക്കല എം.എൽ.എ കൂടിയായ ജോയി മാറിയാൽ മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്ക പരിഗണിച്ചാണ് ഈ നീക്കം.​

തുടർഭരണം ലക്ഷ്യമിട്ട് വിജയത്തിന് മാത്രം മുൻഗണന നൽകുന്ന സിപിഎം, വി. ജോയിയെ വീണ്ടും ജനവിധി തേടാൻ നിയോഗിച്ചതോടെയാണ് പകരം റഹീമിനെ സംഘടനയുടെ അമരത്തേക്ക് കൊണ്ടുവരുന്നത്. നിലവിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ റഹീമിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ നേതൃത്വത്തിലേക്ക് ഒരു യുവമുഖത്തെ കൊണ്ടുവരാനും പാർട്ടിക്കായി.

​ജില്ലയിലെ പാർട്ടിയിലുള്ള വിഭാഗീയത പരിഹരിക്കുക എന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ വിവിധ ചേരികളിലുള്ളവർക്ക് ഒരുപോലെ സ്വീകാര്യനായ നേതാവാണ് റഹീം എന്നത് അദ്ദേഹത്തിന്റെ നിയമനത്തിന് കരുത്തായി. സംഘടനയെ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപോകാൻ റഹീമിന് സാധിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.