വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്; ആദ്യ സ്ഫോടനത്തിന് മുഖ്യമന്ത്രി സ്വിച്ച് ഓൺ നിർവ്വഹിച്ചു

കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിലെ സുപ്രധാന ഘട്ടമായ ആദ്യ സ്ഫോടനം (First Blast) മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കെടുത്തു. 2025 ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി തന്നെയായിരുന്നു പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നിർവ്വഹിച്ചത്. പദ്ധതിക്കാവശ്യമായ താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, തൊഴിലാളികളുടെ താമസം തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ പൂർത്തിയായതോടെയാണ് പ്രധാന നിർമ്മാണ ഘട്ടത്തിലേക്ക് കടന്നത്.

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഈ തുരങ്കപാതയ്ക്ക് 8.73 കിലോമീറ്റർ നീളമാണുള്ളത്. ഏകദേശം 2134.5 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) ആണ് പദ്ധതിയുടെ നിർമ്മാണ ചുമതലയുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ. നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്നും വെറും 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിൽ എത്താൻ സാധിക്കും.​

​ഏതു കാലാവസ്ഥയിലും സുഗമമായി യാത്ര ചെയ്യാവുന്ന നാലുവരി പാതയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. വയനാട് ചുരത്തിന് ബദലായി മാറുന്ന ഈ തുരങ്കപാത കാർഷിക, ടൂറിസം മേഖലകളിൽ വലിയ പുരോഗതിക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ബ്ലാസ്റ്റിംഗ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.