കൊച്ചി: അങ്കമാലിയിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഗമണ്ണിൽ നിന്നാണ് വാഗമൺ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ അങ്കമാലി പോലീസിന് കൈമാറും. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവ് ജോർജ് മാത്യുവിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് എടവനക്കാട് സ്വദേശിനിയും അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയുമായ ജാസ്ലിയ അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ചത്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ജാസ്ലിയയെ ഇടിച്ച തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്ലിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തിയിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശിയും ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിയുമായ ഡോ. സിറിയക് പി. ജോർജാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടസമയത്ത് ഇയാളുടെ സുഹൃത്തും കാറിലുണ്ടായിരുന്നു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നിലവിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് അങ്കമാലി എസ്.എച്ച്.ഒ അറിയിച്ചു.
