അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പൂജപ്പുരയിലേക്ക് മാറ്റുന്നു; അട്ടക്കുളങ്ങര ഇനി പുരുഷ സ്പെഷ്യൽ ജയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതിന്റെ ഭാഗമായി നിലവിലുള്ള വനിതാ തടവുകാരെ അവിടേക്ക് മാറ്റുകയും അട്ടക്കുളങ്ങര ജയിൽ ഇനിമുതൽ പുരുഷ സ്പെഷ്യൽ ജയിലാക്കി മാറ്റുകയും ചെയ്യും. ജയിലുകളിലെ തടവുകാരുടെ വർദ്ധിച്ച ബാഹുല്യം നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുള്ളത്. വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധങ്ങൾ നിലനിന്നിട്ടും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗ തീരുമാനപ്രകാരം ആഭ്യന്തര വകുപ്പ് ഈ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. നിലവിൽ 90നും 100നുമിടയിൽ തടവുകാരുള്ള അട്ടക്കുളങ്ങര ജയിൽ 2011 സെപ്റ്റംബർ 29 നാണ് വനിതാ ജയിലായി മാറ്റിയത്. ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം തടവുകാരെ സംസ്ഥാനത്തെ ജയിലുകളിൽ പാർപ്പിക്കുന്നുണ്ട് എന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒരു വർഷം മുൻപ് തന്നെ വനിതാ ജയിൽ മാറ്റാനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും ജയിൽ വകുപ്പിലെ വനിതാ ജീവനക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നടപ്പിലാക്കാൻ വൈകിയത്. തെക്കൻ ജില്ലയിൽ പുതിയ ജയിൽ നിർമ്മിക്കുന്നതുവരെയോ മറ്റ് പദ്ധതികൾ പൂർത്തിയാകുന്നതുവരെയോ അട്ടക്കുളങ്ങരയിലെ ഈ ജയിൽ പുരുഷ സ്പെഷ്യൽ സബ് ജയിലായി തുടരാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.