ആറ്റുകാൽ മഹോത്സവം: നഗരസഭയിൽ പ്രാദേശിക അവധി; 28 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നഗരസഭയിലെ 28 വാർഡുകളെ പ്രത്യേക ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ സുരക്ഷാ-ആരോഗ്യ ക്രമീകരണങ്ങൾ വിലയിരുത്തി.


​ഭക്തരുടെ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പോലീസുകാരെയും ഫയർഫോഴ്‌സ്, എക്‌സൈസ് ഉദ്യോഗസ്ഥരെയും ഉത്സവ മേഖലയിൽ വിന്യസിക്കും. ക്ഷേത്രത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ വരെ പൊങ്കാല അടുപ്പുകൾ നിരക്കാൻ സാധ്യതയുള്ളതിനാൽ ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങളും വിപുലമായ ആരോഗ്യ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കും. പരാതിരഹിതമായ രീതിയിൽ ഉത്സവം പൂർത്തിയാക്കാൻ എല്ലാ വകുപ്പുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്